ദുബായ്: ഐപിഎൽ 2020 ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് രണ്ടാം സ്ഥാനത്തെത്തിയ ഡൽഹിയും പ്രതീക്ഷയിലാണ്.
ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും. തോൽക്കുന്ന ടീം ബാംഗ്ലൂർ-ഹൈദരാബാദ് എലിമിനേറ്റർ മത്സരവിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടേണ്ടി വരും.
ഈ സീസണിൽ ആധികാരികമായ പ്രകടനവുമായാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. മുൻ നിരക്ക് വിശ്രമം നൽകി അവസാന ഗ്രൂപ്പ് മത്സരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയതൊഴിച്ചാൽ സ്ഥിരതയാർന്ന പ്രകടനമാണ് രോഹിത് ശർമ്മയുടെ ടീം കാഴ്ചവെച്ചിരിക്കുന്നത്. ബാറ്റിംഗിൽ നായകൻ രോഹിതും ഡി കോക്കും സൂര്യകുമാർ യാദവും യുവതാരം ഇഷാൻ കിഷനും പാണ്ഡ്യ സഹോദരന്മാരും പൊള്ളാർഡും മുംബൈയുടെ കരുത്താണ്. ബൂമ്രയും ബോൾട്ടും നയിക്കുന്ന പേസ് ആക്രമണവും രാഹുൽ ചഹാർ- ക്രുണാൽ പാണ്ഡ്യ സ്പിൻ കൂട്ടുകെട്ടും മികച്ച ഫീൽഡിംഗും മുംബൈയെ കിരീടസാധ്യതയുള്ള ടീമാക്കി മാറ്റുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണയും മുബൈയോട് തോറ്റെങ്കിലും ഈ ടൂർണമെന്റിലെ കറുത്ത കുതിരകളാവാൻ യോഗ്യത തെളിയിച്ചവരാണ് മലയാളി താരം ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി. ശിഖർ ധവാൻ, ഋഷഭ് പന്ത് എന്നിവർ ബാറ്റിംഗ് കരുത്താകുന്ന ഡൽഹിയുടെ പ്രതീക്ഷകൾക്ക് നായകൻ ശ്രേയസ് അയ്യരും ഹെറ്റ്മെയറും പൃഥ്വി ഷായും നിറം പകരുന്നു. ദക്ഷിണാഫ്രിക്കൻ പേസ് ദ്വയമായ റബാഡയും നോർട്യെയും സ്പിന്നർമാരായ അശ്വിനും അക്സർ പട്ടേലും ബൗളിംഗ് കരുത്താകുന്നു.
Discussion about this post