ഡൽഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ ഏകപക്ഷീയതയും ആക്രമണങ്ങളും വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഡിഫൻസ് കോളേജ് സംഘടിപ്പിച്ച വെർച്വൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിർത്തിയിൽ സമാധാനം കാത്ത് സൂക്ഷിക്കാനുള്ള കരാറുകൾ പാലിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള എട്ടാം കോർ കമാൻഡർതല ചർച്ചകൾ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് രാജ്യരക്ഷാ മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രതിരോധ സംവിധാനങ്ങളുടെ ഉദ്പാദന രംഗത്ത് സ്വയം പര്യാപ്തതയാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക ശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ സദാ ശ്രമിക്കുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
ഭീകരവാദം ദേശീയ നയമാക്കിയ പാകിസ്ഥാനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു.









