ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിലെ പ്രധാന സ്റ്റാഫർ നരേന്ദ്രമോദിയുടെ കടുത്ത ആരാധകനെന്ന് റിപ്പോർട്ടുകൾ. ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു ചുക്കാൻ പിടിച്ച അമിത് ജാനിയെന്ന വ്യക്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ക്യാമ്പയിൻ ടീമിലെ ഉപദേഷ്ട്ടാവായിരുന്നു അമിത് ജാനി.
നിലവിൽ ന്യൂജേഴ്‌സിയുടെ ഗവർണർ, ഫിൽ മുർഫിയുടെ ഭരണ സമിതിക്കു കീഴിൽ പ്രവർത്തിക്കുകയാണ് അമിത് ജാനി. മാത്രമല്ല, നാഷണൽ ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡറിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണ വിജയിച്ചത്തിനു ശേഷം മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് അമിത് ജാനി ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
അമിത് ജാനിയുടെ അമ്മ ദീപ്തി ജാനി ബിജെപി അനുഭാവിയാണ്. നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ദീപ്തി പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2017-ൽ, മോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ, അമിത് ജാനി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ജാനിയുടെ പിതാവ് സുരേഷ് ജാനിയും ബിജെപി അനുഭാവിയാണ്. തൊണ്ണൂറുകളിൽ അമേരിക്കയിൽ വെച്ച് മോദിയും സുരേഷ് ജനിയും കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത ചിത്രം ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.








