ഡൽഹി: ബിലീവേഴ്സ് ചർച്ചിന്റെ വിവിധ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ പുറത്ത് വരുന്നത് എഫ് സി ആർ എ ലംഘനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നടത്തിയ പരിശോധനകളിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്.
അഞ്ച് കോടിയുടെ കണക്കിൽ പെടാത്ത പണവും നിരവധി മൊബൈൽ ഫോണുകളും നിലവിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായാണ് വിവരം. പതിനഞ്ച് കോടിയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എഫ് സി ആർ എയ്ക്ക് പുറമെ ഫെമയുടെയും (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നഗ്നമായ ലംഘനം നടന്നതായാണ് വിവരം.
ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട ഉന്നതരുടെ സംസ്ഥാനത്തിനകത്തെയും പുറത്തെയും വസതികളിൽ ഒരേ സമയം പരിശോധന നടത്താൻ ആദായ നികുതി വകുപ്പ് തയ്യാറായേക്കും. സഭ തിരുവല്ലയിൽ നടത്തുന്ന മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിന്നും ബിലീവേഴ്സ് ചർച്ചിനെയും മറ്റ് മൂന്ന് എൻ ജി ഓകളെയും 2017ൽ കേന്ദ്രസർക്കാർ വിലക്കിയിരുന്നു. എഫ് സി ആർ എ ചട്ടങ്ങൾ ലംഘിച്ച് സഭ ആറായിരം കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കേരളത്തിൽ ഒരു മെഡിക്കൽ കോളേജും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിലീവേഴ്സ് ചർച്ച നടത്തുന്നുണ്ട്. ശബരിമലയ്ക്ക് സമീപത്തെ വിവാദ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവും സഭ അവകാശപ്പെടുന്നുണ്ട്. പ്രഖ്യാപിത ശബരിമല വിമാനത്താവളത്തിന് എസ്റ്റേറ്റ് അനുയോജ്യമെന്ന് കണ്ട് പിണറായി സർക്കാർ മുന്നോട്ട് പോകവെയാണ് ആദായ നികുതി വകുപ്പിന്റെ പിടിവീണത്.
കേസിലെ വിദേശവിനിമയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയോ എൻഫോഴ്സ്മെന്റോ വരാനുള്ള സാദ്ധ്യതകൾ തെളിയുകയാണ്. ഇതോടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള സഭയുടെ അംഗീകാരം റദ്ദായേക്കും.
Discussion about this post