വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു. നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത് വലത് മുന്നണികളെന്ന് സിന്ധു പറഞ്ഞു.
മതമൗലികവാദ സംഘടനകളുമായുള്ള കോൺഗ്രസിന്റെ ചങ്ങാത്തം പണ്ടേ കുപ്രസിദ്ധമാണ്. അസമിൽ ബദറുദ്ദീൻ അജ്‌മലിന്റെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന ഒട്ടും ഡെമോക്രാറ്റിക്കല്ലാത്ത മതതീവ്രവാദ സംഘടനയുമായി കൂട്ടുകൂടിയ കോൺഗ്രസ് ഇപ്പോൾ കേരളത്തിൽ വെൽഫെയർ പാർട്ടിയുമായാണ് സഖ്യം സ്ഥാപിച്ചിരിക്കുന്നതെന്ന് സിന്ധു ചൂണ്ടിക്കാട്ടി.
പേരു കേൾക്കുമ്പോൾ മതേതര പാർട്ടിയെന്ന് തോന്നുമെങ്കിലും ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. ഇന്ത്യയിൽ തന്നെ ജമാ അത്തെ ഇസ്ലാമി ഹിന്ദും ജമാ അത്തെ ഇസ്ലാമി കശ്മീരും എന്ന രണ്ട് ബ്രാഞ്ചുകളുള്ള സംഘടനയാണത്. സഹോദര പ്രസ്ഥാനങ്ങളാണ് പാകിസ്താനിലെയും ബംഗ്ലാദേശിലെയും ജമാ അത്തെ ഇസ്ലാമി. അവിടുത്തെ ന്യൂനപക്ഷങ്ങളേയും എന്തിനേറെ അഹമ്മദീയരെപ്പോലും ഇത്രത്തോളം ദ്രോഹിച്ച , ക്രൂരമായി പീഡിപ്പിച്ച മറ്റൊരു പാർട്ടിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സിന്ധു പറഞ്ഞു.
ദേശീയതാത്പര്യത്തിന് എന്നും എതിരു നിന്നിട്ടുള്ള , ഇന്ത്യൻ ഭരണഘടനയും അതിന്റെ പാർലമെന്ററി സംവിധാനങ്ങളുമെല്ലാം ദൈവ വിരുദ്ധവും മതവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച് നടന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. അതിന്റെ രാഷ്ട്രീയ പാർട്ടിയുമായി ധാരണയുണ്ടാക്കിയ കോൺഗ്രസ് ഏത് മതേതര മൂല്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു.
ദേശീയതയോടാണോ മതമൗലികവാദത്തോടാണോ കോൺഗ്രസിന് കൂറെന്ന് കേരളത്തിലെ നേതാക്കളും കേരളത്തിൽ നിന്ന് എം.പിയായ രാഹുൽ ഗാന്ധിയും വ്യക്തമാക്കണം. കോൺഗ്രസ് – വെൽഫെയർ പാർട്ടി ധാരണയെ സിപിഎം എതിർക്കുന്നത് അവരോട് സഖ്യം ഉണ്ടാക്കാത്തതു കൊണ്ടാണ്. അല്ലാതെ വെൽഫെയർ പാർട്ടിയുടെ ദേശവിരുദ്ധ അജണ്ടയോടുള്ള എതിർപ്പല്ലെന്നും സിന്ധു പറഞ്ഞു.
https://www.facebook.com/Advsindhumol/photos/a.192410165830840/200680241670499
Discussion about this post