216 കോടി രൂപയുടെ വൈദ്യുത പദ്ധതികൾ ഗോരഖ്പൂരിനു സമർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം 4 വൈദ്യുത പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. കുറഞ്ഞ ചിലവിൽ തടമില്ലാതെ വൈദ്യുതി ജനങ്ങളിലേക്കെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ യോഗി ആദിത്യനാഥ് പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സമില്ലാതെ നടത്താൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വികസനത്തിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒരു സാഹചര്യം നിലനിൽക്കെ, കോവിഡിന്റെ പേരിൽ ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങൾ മാറ്റിവെയ്ക്കാൻ ഭരണകൂടം തയ്യാറല്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. പുതിയ പദ്ധതികൾ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ജനജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുതിയ പദ്ധതികളുമായി ബന്ധപ്പെട്ടുണ്ടാവാൻ സാധ്യതയുള്ള ഭൂപ്രശ്നങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് യുപി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുത വകുപ്പ് യുപിയിൽ വലിയ മാറ്റങ്ങൾക്കു കാരണമായേക്കാവുന്ന പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും അദ്ദേഹം വിശദമാക്കി. യോഗി സർക്കാർ അധികാരത്തിലേറിയതിനു ശേഷം 1.75 ലക്ഷം ഗ്രാമങ്ങളിലാണ് വൈദ്യുതി ലഭ്യമാക്കിയത്.
Discussion about this post