ഡൽഹി: മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യക്കും അമേരിക്കക്കുമൊപ്പം പങ്കെടുക്കാനുറച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ഈ നീക്കത്തിൽ പ്രകോപിതരായ ചൈന ഭീഷണിയുടെ സ്വരവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഓസ്ട്രേലിയക്ക് സാമ്പത്തികമായി നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നാണ് ചൈനയുടെ ഭീഷണി.
മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കാനെത്തുന്ന ഓസ്ട്രേലിയൻ യുദ്ധക്കപ്പലുകൾ ചൈനക്ക് ഭീഷണിയാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുകൂല മാധ്യമമായ ചൈന ഡെയ്ലി വിലയിരുത്തുന്നത്. ഓസ്ട്രേലിയയുടെ വിദേശനയം നയതന്ത്ര സഹകരണത്തിന്റെയും ക്ഷമയുടെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇതിൽ നിന്നുള്ള വ്യതിചലനമാണ് പുതിയ നീക്കമെന്ന ചൈന വിലയിരുത്തുന്നു.
അമേരിക്കയുമായി കൂട്ടുകൂടിയാൽ ഓസ്ട്രേലിയക്ക് ഒന്നും കിട്ടാനില്ലെന്നും എന്നാൽ ചൈനയെ അവഗണിച്ചാൽ ഫലം ഗുരുതരമായിരിക്കുമെന്നും ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് ഭീഷണി മുഴക്കുന്നു. ഇതിന് ഓസ്ട്രേലിയ വലിയ വില നൽകേണ്ടി വരുമെന്നാണ് ഭീഷണി.
നിലവിൽ ചൈനയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുകയാണ്. കൊറോണ രോഗവ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് പഠിക്കാൻ ഏപ്രിൽ മാസത്തിൽ ഓസ്ട്രേലിയ അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ തങ്ങളുടെ നിലപാട് പരിഗണിക്കാത്തത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
നവംബർ മൂന്നാം തീയതി ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച 24ആമത് മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നാവിക സേനകളാണ് പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ നാവികാഭ്യാസം.








