വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ നീക്കം ഇന്ത്യയ്ക്ക് അനുകൂലമായി. നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ അദ്ദേഹം കോവിഡ് പ്രതിരോധത്തിനായി കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണ്.
ഈ കൊറോണ ടാസ്ക് ഫോഴ്സിന്റെ കോ ചെയർ അഥവാ അധ്യക്ഷനായി ഇന്ത്യൻ-അമേരിക്കൻ വംശജനായ ഡോ. വിവേക് മൂർത്തിയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവേക് മൂർത്തി ഇന്ത്യൻ വംശജനായ ഫിസീഷ്യനാണ്. കർണാടകക്കാരനായ മൂർത്തിയെ നേരത്തെ ബരാക്ക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് അമേരിക്കയുടെ സർജൻ ജനറലായി നിയമിച്ചിരുന്നു. ടാസ്ക് ഫോഴ്സ് രൂപീകരിച്ചത് സംബന്ധിച്ച കാര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെയായിരിക്കും നടക്കുക.
ഈ ടാസ്ക് ഫോഴ്സിൽ പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ബൈഡൻ-ഹാരിസ് ടീമിന്റെ കോവിഡ് പ്രതിരോധ പദ്ധതി നടപ്പിലാക്കാനുള്ള ചുമതലയാണ് കൊറോണ ടാസ്ക് ഫോഴ്സിനുള്ളത്. നേരത്തെ തന്നെ, തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിനായിരിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിജയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
Discussion about this post