ഡൽഹി: നയതന്ത്ര-സൈനിക തലത്തിലുള്ള ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോഴും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് പിൻമാറാതെ ചൈന. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ചൈന ചില നീക്കങ്ങൾ നടത്തുന്നത്. അരുണാചൽ അതിർത്തിക്ക് സമീപം എയർബേസ്, റെയിൽ പാതകൾ സ്ഥാപിച്ച് പുതിയ ഡാം നിർമ്മിക്കാനുള്ള പദ്ധതിയ്ക്കാണ് ചൈന നീക്കം നടത്തുന്നത്.
ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയിലാണ് അണക്കെട്ട് നിർമ്മിക്കാൻ ചൈന ഒരുങ്ങുന്നത്. , ഷീ ജിൻ പിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഡാക്കിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നേറ്റ പരാജയം മറയ്ക്കാൻ ചൈനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിൻറെ അടിസ്ഥാനത്തിലാണ് ചൈന പ്രകോപനങ്ങളിൽ നിന്ന് പിൻമാറാതെ തുടരുന്നത്. ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള ബ്രഹ്മപുത്ര നദിയുടെ താഴത്തെ ഭാഗത്ത് ഈ അണക്കെട്ട് നിർമ്മിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പ്രഖ്യാപിച്ചു. പദ്ധതി സംബന്ധിച്ച് ചൈന ഇതുവരെ ഒരു ബജറ്റും പുറത്തുവിട്ടിട്ടില്ല.
ചൈനയുടെ ഈ പുതിയ പദ്ധതി ഇന്ത്യയുമായുള്ള തർക്കം ഇനിയും വർദ്ധിപ്പിക്കാൻ കാരണമായേക്കുമെന്നാണ് സൂചന. അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്നാണ് ചൈനയുടെ നിരന്തരവാദം. ഡാമിനെ നയതന്ത്രപരമായ നേട്ടത്തിനായി ഉപയോഗിക്കാനാണ് ചൈനയുടെ പദ്ധതി. ബ്രഹ്മപുത്ര നദി ചൈനയുടെ കൈവശമുള്ള ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് അരുണാചൽ പ്രദേശ് വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. പിന്നീട് ബംഗ്ലാദേശിലൂടെ അസമിലേക്കാണ് ബ്രഹ്മപുത്രയുടെ ഒഴുക്ക്. ചൈനീസ് സർക്കാർ ഇതിനകം തന്നെ ഈ നദിയിൽ ചെറുതും വലുതുമായ 11 ഓളം ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ബ്രഹ്മപുത്രയുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സാധാരണ ദിവസങ്ങളിൽ, ഈ നദിയിലെ ജലത്തിന്റെ ഒഴുക്കും സാധാരണമാണ്. എന്നാൽ മഴക്കാലത്ത് ചൈനയിൽ ഡാം നിറയുമ്പോൾ ചൈന ഡാം തുറന്നുവിടുകയും അസമിലും ബംഗ്ലാദേശിലും എല്ലാ വർഷവും വലിയ വെള്ളപ്പൊക്കവും ഉണ്ടാകുന്നു. തുടക്കം മുതൽ ചൈനീസ് സർക്കാർ ടിബറ്റിനെ വൈദ്യുതി ഉൽപാദനത്തിന്റെ പ്രധാന മേഖലയായി ഉയർത്തി കൊണ്ടുവന്നിരിന്നു. ചൈനയിലെ മൊത്തം നദികളിൽ നാലിലൊന്ന് ഈ പ്രദേശത്താണ്. അത്തരമൊരു സാഹചര്യത്തിൽ, ഇവിടെയുള്ള നദികളുടെ ജലം പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിലാണ് ചൈനയുടെ ശ്രദ്ധ.
വലിയ ഡാമുകൾ നിർമ്മിച്ച് നദികളുടെ ഒഴുക്കിനെ ചൈന ഗതിമാറ്റുകയാണ്. ബ്രഹ്മപുത്രയുടെ വെള്ളമുപയോഗിച്ചാണ് വരണ്ടപ്രദേശങ്ങളിൽ ചൈന ജലസേചനം നടത്തുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി ചൈന ഈ നദിയിൽ കുറഞ്ഞത് 11 ജലവൈദ്യുത പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതികളിൽ ഏറ്റവും വലുത് സാങ്മു പദ്ധതിയാണ്.
Discussion about this post