കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉന്നത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുമെന്ന് സൂചന. മമത ബാനര്‍ജി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായ സുവേന്ദു അധികാരിയുടെ കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
ചൊവ്വാഴ്ച പുര്‍വ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ വന്‍ റാലിയെ സുവേന്ദു അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറുകള്‍ ഒഴിവാക്കിയാണ് യോഗം എന്നതാണ് ബിജെപിയിലേക്കെന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേദിയില്‍ പാര്‍ട്ടി കൊടിതോണരങ്ങളോ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല.
മാത്രമല്ല പുരുലിയ, നാദിയ, മൂര്‍ഷിദാബാദ്, ഈസ്റ്റ് മിഡ്നാപ്പുര്‍ ജില്ലകളില്‍ വ്യാപകമായി സുവേന്ദുവിന്റെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നുണ്ട്. ഇതിലും തൃണമൂലുമായി ബന്ധമുണ്ട് എന്നതിന്റെ സൂചനകളില്ല. മമത കഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവായ സുവേന്ദു, കഴിഞ്ഞ മൂന്നുനാലു മാസമായി മന്ത്രിസഭാ യോഗങ്ങളിലോ മറ്റു ഭരണപരമായ യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല.
Discussion about this post