പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ച് ശ്രദ്ധേയയായ പുഷ്പാം പ്രിയ ചൗധരി നേരിട്ടത് ദയനീയമായ തോല്‍വി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയ ദ പ്ലൂരല്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് മത്സരിച്ചത്.സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. രണ്ട് മണ്ഡലങ്ങളിലാണ് പ്രിയ ജനവിധി തേടിയത്. നോട്ടയ്ക്കും താഴെയാണ് പ്രകടനം.
ബങ്കിപൂരില്‍ രണ്ടായിരത്തോളം വോട്ടും ബിസ്ഫി പൂരില്‍ ആയിരത്തോളം വോട്ടുമാണ് പുഷ്പാം പ്രിയ നേടിയത്.
ജെഡിയു നേതാവും മുന്‍ എംഎല്‍സിയുമായ വിനോദ് ചൗധരിയുടെ മകളാണ് പുഷ്പാം പ്രിയ ചൗധരി. ചിറകുള്ള കുതിരയായിരുന്നു ചിഹ്നം. പ്രചരണകാലത്ത് സോഷ്യല്‍ മീഡിയകളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് പുഷ്പാം പ്രിയ ചൗധരി.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി പ്രസിഡന്റുമായ പുഷ്പാം പ്രിയ ചൗധരി ട്വീറ്റിലൂടെ തന്റെ പ്രകടന പത്രികയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ശ്രദ്ധേയയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിറകെ ഇവിഎം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി പ്രിയ രംഗത്തെത്തിയിരുന്നു.











