അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തിരുനെൽവേലിയിലെ മനോൻമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് നടപടി.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യ വിഷയമായി ഉൾപ്പെടുത്തിയിരുന്ന ‘വാക്കിങ് വിത്ത് ദി കോമറേഡ്സ്’ എന്ന പുസ്തകമാണ് യൂണിവേഴ്സിറ്റി പിൻവലിച്ചത്. മാവോയിസ്റ്റുകളുടെ ഒളിത്താവളം സന്ദർശിച്ച ശേഷം അരുന്ധതി എഴുതിയ പുസ്തകമാണിത്. അരുന്ധതി റോയ് പുസ്തകത്തിൽ മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച യൂണിവേഴ്സിറ്റിക്ക് എബിവിപി പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷം, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കെ. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചത്.
അരുന്ധതി റോയിയുടെ പുസ്തകം ദേശവിരുദ്ധ മാവോവാദികളെ പരസ്യമായി പിന്തുണയ്ക്കുന്നതാണെന്ന് എ.ബി.വി.പി ദക്ഷിണ തമിഴ്നാട് ജോയിന്റ് സെക്രട്ടറി സി. വിഘ്നേഷ് പരാതിയിൽ ആരോപിച്ചിരുന്നു. ‘വാക്കിങ് വിത്ത് ദി കോമറേഡ്സ്’ എന്ന പുസ്തകത്തിനു പകരം എം.കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാൻഡ് : എസ്സേയ്സ് ഓഫ് നേച്ചർ’ എന്ന പുസ്തകമായിരിക്കും സിലബസിൽ ഉൾപ്പെടുത്തുക. 2017 മുതൽ സിലബസിന്റെ ഭാഗമായിരുന്ന പുസ്തകമാണ് എ.ബി.വി.പി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കിയത്.
Discussion about this post