മനില: ഫിലിപ്പീൻസിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ ഫിലിപ്പീൻസിലെ കോട്ടബാട്ടോ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി.
ദൗല ഇസ്ലാമിയ ഉപനേതാവ് അറാഫത്ത് ബുലാക്കോണിന് അറസ്റ്റ് വാറന്റ് നൽകാൻ എത്തിയ സൈനിക സംഘത്തിന് നേർക്ക് ബുലക്കോണും സംഘാംഗങ്ങളും വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ ഒളിത്താവളത്തിലെ മുഴുവൻ ഭീകരരും കൊല്ലപ്പെടുകയായിരുന്നു.
2018ൽ ജനറൽ സാന്റോസ് നഗരത്തിൽ നടന്ന ബോംബ് സ്ഫോടനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ബുലാക്കോണെന്ന് ഫിലിപ്പീൻസ് സൈന്യം അറിയിച്ചു. ഒരു 5.56 എം4 റൈഫിൾ, രണ്ട് 12-ഗേജ് തോക്കുകൾ, രണ്ട് 38- കാലിബർ റിവോൾവറുകൾ, ഒരു 5.56 പിസ്റ്റൾ, ഒരു ഐ ഇ ഡി ഉപകരണം, ഇസ്ലാമിക് സ്റ്റേറ്റ് പതാക എന്നിവ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തതായി ഫിലിപ്പീൻസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.











