ന്യൂഡൽഹി : ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ ഗവേഷണത്തിനായി ലോകാരോഗ്യസംഘടന ഇന്ത്യയിൽ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെയും രാജസ്ഥാനിലെയും ആയുർവേദ ഗവേഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചടങ്ങുകൾ നടന്നത് വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു. ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഗുജറാത്തിലെ ജാംനഗർ ദേശീയ പ്രാധാന്യത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ ജയ്പൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കാനൊരുങ്ങുന്നത് കല്പിത സർവ്വകലാശാലയായാണ്.
“ആയുർവേദം ഇന്ത്യയുടെ പൈതൃക സ്വത്താണ്. മനുഷ്യരാശിയുടെ സൗഖ്യമാണ് അത് ലക്ഷ്യമിടുന്നത്. നമ്മുടെ പൈതൃക വിജ്ഞാനം രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഓരോ ഇന്ത്യക്കാരനും സന്തോഷമുണ്ട്”- നരേന്ദ്രമോദി കൂട്ടിച്ചേർത്തു. മാത്രമല്ല, ബ്രസീലിന്റെ ദേശീയ നയത്തിൽ ആയുർവേദം ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








