ഡല്‍ഹി: സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്ഷന് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ ആനുകൂല്യം ലഭിക്കില്ലെന്നായിരുന്നു വാര്‍ത്തകള്‍. 42 വര്‍ഷത്തെ ആവശ്യമായിരുന്നു ഒരേ റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കുിയത്. വെറും പതിനഞ്ച് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു.
ഏകാംഗ കമ്മീഷനെ നിയമിച്ചത് ശബള പരിഷക്കരണത്തെ കുറിച്ച് പഠിക്കാനല്ല. മറിച്ച് ഇപ്പോഴത്തെ പരിഷക്കരണത്തിലെ പോരായ്മകള്‍ സംബന്ധിച്ച പഠനം നടത്താനാണ്. ഇപ്പോള്‍ അനുവദിച്ച പതിനായിരം കോടി രൂപ മതിയാകുമോ തുടങ്ങിയ കാര്യങ്ങളാണ് ഏകാംഗകമ്മീഷന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയെന്നും മോദി വിശദീകരിച്ചു.സര്‍ക്കാര്‍ വാക്ക് പാലിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് തെറ്റായ പ്രചരണം നടത്തുകയാണ്. പെന്ഷന് പരിഷ്ക്കരണം ആരുടേയും സൗജന്യമല്ല, സൈനികരുടെ അവകാശമാണെന്നും മോദി പറഞ്ഞു. ഫരീദാബാദ് റാലിയ്ക്കിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം.
സ്വയം വിരമിച്ചവര്‍ക്കുള്ള പെന്ഷന് സംബന്ധിച്ചും, കമ്മീഷന്റെ നിയമനം സംബന്ധിച്ചും ആയിരുന്നു വിമുക്തഭടന്മാര്ക്ക് പരാതി ഉണ്ടായിരുന്നത്. ഈ രണ്ട് പരാതികള്‍ക്കും അടിസ്ഥാനമില്ലെന്ന കൃത്യമായ മറുപടിയാണ് പ്രധാനമന്ത്രി പങ്കുവച്ചത്.
പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് വിമുക്തഭടന്മാര് അറിയിച്ചു. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
Discussion about this post