ഡല്‍ഹി: അതിര്‍ത്തി മുറിച്ചു കടന്ന് പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. അതിര്‍ത്തി കടന്നുവരുന്ന പാകിസ്ഥാനി ഭീകരരും പട്ടാളവും ജീവനോടെ തിരിച്ചുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ലംഘിച്ചു കൊണ്ട് പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ സാഹചര്യത്തിലാണ് കരസേന മേധാവിയുടെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ, കാശ്മീരിലെ നാഗ്‌രോട്ടയില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഘട്ടനത്തില്‍, ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരരെ നേരിട്ട സൈനികരെ താന്‍ അഭിനന്ദിക്കുന്നതായും നരവനെ വ്യക്തമാക്കി. അന്നത്തെ ദൗത്യത്തില്‍ നാം വിജയിച്ചുവെന്നും സേനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് അതിലൂടെ വ്യക്തമായത് എന്നും അദ്ദേഹം പറഞ്ഞു.
സംശയകരമായ സാഹചര്യത്തില്‍ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കാശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. നാഗ്‌രോട്ട ടോള്‍ പ്ലാസയില്‍ വച്ചാണ് ഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരുന്നു.
Discussion about this post