ശ്രീനഗർ: നഗ്രോട്ട ഏറ്റുമുട്ടലിൽ പാക് പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം. പുൽവാമയിൽ സൈന്യം നടത്തിയ പരിശോധനയിൽ മദ്രസയിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരനെ പിടികൂടി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ഭീകരൻ മദ്രസയിൽ ഒളിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം സൈന്യത്തിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. കൂടുതൽ വിവരങ്ങൾക്കായി ഭീകരനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തുവരികയാണ്. നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചതായാണ് വിവരം.
അതിനിടെ കശ്മീർ അതിർത്തിക്ക് സമീപത്ത് നിന്നും പാക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. ഇതിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കശ്മീരിൽ പരിശോധനകൾ കർശനമായി തുടരുമെന്നാണ് വിവരം.










