തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ അറസ്റ്റിലായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുക്കളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് ഇഡിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിന് ഇഡി കത്ത് നൽകി.
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള സ്വത്തുവകകളും ഇഡി അന്വേഷിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ സ്വത്തുവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നൽകിയത്.












