പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍ഗോഡേക്ക് കൊണ്ടുപോയി.
കേസുമായി ബന്ധപ്പെട്ട് പ്രദീപ് കുമാറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവെെഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്.
കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാല്‍ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകള്‍ ലഭിച്ചതോടെയാണ് വിപിന്‍ലാല്‍ പൊലീസില്‍ പരാതിപ്പെട്ടത്. സെപ്റ്റംബര്‍ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 26നാണ് പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദീപ്, വിപിന്‍ ലാലിന്റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിതായും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
Discussion about this post