ലക്നൗ: ഉത്തർപ്രദേശിൽ വനം വകുപ്പിന്റെ 40 ഏക്കറിലധികം ഭൂമി കയ്യേറി, അനധികൃതമായി നിർമിച്ച മോസ്‌ക് പൊളിച്ചു മാറ്റി യോഗി സർക്കാർ. ഇസ്ലാം മതപണ്ഡിതനായ പിർ ഖുഷാൽ മിയാൻ ഉത്തർപ്രദേശിലെ മുസാഫർ നഗറിലുള്ള ബീഹാർഗർ ഗ്രാമത്തിൽ നിർമിച്ച മോസ്‌ക്കാണ് യു.പി സർക്കാർ പൊളിച്ചു മാറ്റിയത്. 2017-ൽ ഇയാൾ മരണപ്പെട്ടിരുന്നു.
മോസ്‌ക് കൂടാതെ നിയമവിരുദ്ധമായി നിർമ്മിച്ചിരുന്ന അമ്പതോളം മുറികളുള്ള കെട്ടിടവും സർക്കാർ പൊളിച്ചു മാറ്റി. പിർ ഖുഷാൽ മിയാന്റെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ നവംബർ 11-നു ആരംഭിച്ചിരുന്നു. 1964-ൽ പാകിസ്ഥാനിൽ നിന്നെത്തിയ ഈ മതപണ്ഡിതൻ 100 ബിഗാസ് ഭൂമി അഥവാ 40 ഏക്കറിലുമധികം ഭൂമി ലീസിനെടുത്ത് മോസ്‌കും കെട്ടിടങ്ങളും നിർമിക്കുകയായിരുന്നു. 2016 വരെയായിരുന്നു ലീസിന്റെ കാലാവധി.
ലീസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പിർ ഖുഷാൽ മിയാന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും യു.പി സർക്കാർ പ്രദേശത്ത് നിന്നും ഒഴിയാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു. ഇതേതുടർന്നാണ് സർക്കാർ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.








