തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ജനത യുവമോർച്ച (ബിജെവൈഎം) തലവൻ തേജസ്വി സൂര്യ. ഞങ്ങളുടെ പാർട്ടിയെ തടയാൻ ചന്ദ്രശേഖര റാവുവിനു കഴിയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഭയന്നിട്ടില്ല, പിന്നെയാണോ നിങ്ങളെന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്.
ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചത്. കഴിഞ്ഞ ദിവസം, തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് തേജസ്വി സൂര്യയ്ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പ്രിയപ്പെട്ട കെസിആർ, നിങ്ങൾക്ക് വേണ്ടത്ര കേസുകൾ ഫയൽ ചെയ്തോളൂ. നിങ്ങൾക്കൊരിക്കലും ബിജെപിയെ തടയാനാവില്ല. നിങ്ങൾ ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നത്”- തേജസ്വി സൂര്യ ട്വീറ്റിൽ കൂട്ടിചേർത്തു. ഹൈദരാബാദ് പോലീസ് കേസെടുത്തതിനു പിന്നാലെ തനിക്കെതിരെ വ്യാജ കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയും തെളിവുകൾ നിരത്തിയും തേജസ്വി സൂര്യ രംഗത്തുവന്നിരുന്നു. മാത്രമല്ല, കെസിആർ സർക്കാരിന്റെ ഗൂഢാലോചനകൾക്കെല്ലാം വരുന്ന ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിലൂടെ തക്കതായ മറുപടി നൽകുമെന്ന് സംഭവത്തിൽ ബിജെപി ദേശീയ യൂണിറ്റ് ചീഫ് ബണ്ടി സഞ്ജയ് കുമാറും പ്രതികരിച്ചു.
Discussion about this post