ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ സംബന്ധിച്ചാണ് ചർച്ച നടത്തിയത്. കൂടാതെ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്നയുമായും ഡോവൽ കൂടിക്കാഴ്ച്ച നടത്തി.
ഇന്നലെയാണ് ത്രിരാഷ്ട്ര ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് കൊളംബോയിലെത്തിയത്. ശനിയാഴ്ച ഉച്ചക്ക് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടഭയ രാജപക്സെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇന്ന് നടക്കാൻ പോകുന്ന യോഗത്തിൽ ശ്രീലങ്കയും മാലദ്വീപുമായും ഇന്ത്യ, സമുദ്ര മേഖലയിലെ സുരക്ഷാ സഹകരണം സംബന്ധിച്ച് ചർച്ച നടത്തും. യോഗത്തിൽ മാലദ്വീപ് പ്രതിരോധമന്ത്രി മരിയ ദീദിയായിരിക്കും പങ്കെടുക്കുക. കൂടാതെ, ബംഗ്ലാദേശ്, മൗറീഷ്യസ്, സീഷെൽസ് രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും യോഗത്തിന്റെ ഭാഗമാകും.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള കള്ളക്കടത്ത് തടയുക, സമുദ്ര മലിനീകരണത്തിനെതിരായ പ്രവർത്തനം ത്വരിതപ്പെടുത്തുക ഉൾപ്പെടെയുള്ള വിഷയങ്ങൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും.
Discussion about this post