കോതമംഗലം : വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ചികിത്സാച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി അറിയിച്ചു. കുട്ടിയുടെ എല്ലാവിധ ചികിത്സാച്ചിലവുകളും താന്‍ ഏറ്റെടുക്കുമെന്ന് നടന് മമ്മൂട്ടിയും അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണു സംഭവം. വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനായ ദേവനന്ദനെയാണു തെരുവുനായ കടിച്ചുകീറിയത്. തൃക്കാരിയൂര്‍ അമ്പൂരിക്കാവിനു സമീപം തൃക്കരക്കുടി രവിയുടെ മകന് ദേവനന്ദനാണു മുഖത്തും കണ്ണിനും ഗുരുതരപരുക്കേറ്റത്.
കുട്ടിയെ വരാന്തയില്‍ ഇരുത്തിയശേഷം ഉച്ചഭക്ഷണമെടുക്കാന് അമ്മ അകത്തേക്കു പോയപ്പോഴാണു തെരുവുനായ ആക്രമിച്ചത്. കരച്ചില് കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കു കുട്ടിയുടെ മുഖം നായ കടിച്ചുകീറിയിരുന്നു. കുട്ടിയെ ആദ്യം കോതമംഗലം ബസേലിയോസ് ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.
എന്നാല്‍, കണ്ണിനു ഗുരുതരപരുക്കുള്ളതിനാല് വിദഗ്ധചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. കുട്ടിയെ ഇന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. രണ്ടു കണ്ണുകളുടേയും കണ്പോളകള്ക്ക് സാരാമായ പരിക്കേറ്റിറ്റുണ്ട്. ഇടതു കണ്ണിന്റെ ഞരമ്പിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ഉച്ചയ്ക്കു ശേഷം ഉണ്ടാകുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദേശത്തെ തെരുവുനായശല്യത്തെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കും.
Discussion about this post