ഗുവാഹത്തി: മ്യാൻമറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്. അസമിലെ ഹൈലക്കണ്ടി ജില്ലയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ഈ അഭയാർത്ഥികൾക്ക് താമസിക്കാൻ വീട് നൽകിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യൂസഫ് അലി മസുംദാർ, സഹോദരൻ ഇസ്ലാമുദീൻ മസുംദാർ എന്നിവർ ചേർന്നാണ് അനധികൃതമായി അതിർത്തി കടന്നെത്തിയ റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് താമസിക്കാൻ വീട് നൽകിയത്. പ്രദേശത്ത് അഭയാർത്ഥികൾ എത്തിയതായി പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
അഭയാർത്ഥികൾക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത് ഇസ്ലാമുദീൻ മസുംദാറിനെയാണ്. പോലീസിനെ കണ്ടപ്പോൾ യൂസഫ് അലി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post