ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസെടുത്തു. ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്നാരോപിച്ച് ഭർത്താവ് തന്നെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.
യുവതിയുടെ ഭർത്താവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവരുടെ വിവാഹം നടന്നത് എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു. വിവാഹശേഷം യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൂന്നും പെൺകുഞ്ഞുങ്ങളായിരുന്നു. ഇതേതുടർന്നാണ് യുവതിയെ ഭർത്താവ് മൊഴിചൊല്ലിയത്. മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭർത്താവ് വീട്ടിൽ നിന്നുമിറക്കിവിട്ടെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യുവതിയുടെ ഭർത്താവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത്. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം നിലവിൽ വന്നത്. സുപ്രീം കോടതിയും മുത്തലാഖ് അധാർമികമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post