ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനു പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി. ഗതാഗത മന്ത്രിയും തൃണമൂൽ നേതാവുമായിരുന്ന സുവേന്ദു അധികാരി തൽസ്ഥാനത്ത് നിന്നും രാജി വെച്ചതിനു പിന്നാലെ മമതാ ബാനർജി സർക്കാരിലെ കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
മുതിർന്ന തൃണമൂൽ നേതാക്കൾ കൂടിയായ രണ്ടു മന്ത്രിമാർ ഉടൻ തന്നെ പാർട്ടി വിട്ടേക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച കൂച്ച് ബെഹാർ തെക്ക് എംഎൽഎയായ മിഹിർ ഗോസ്വാമി തൃണമൂലിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. വലിയ പ്രതിസന്ധിയിലേക്കാണ്, നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസും മമതാ സർക്കാരും എത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞദിവസം രാജിവെച്ച ഗതാഗതമന്ത്രി സുവേന്ദു അധികാരി, മന്ത്രിസ്ഥാനത്തിനു പുറമേ ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷൻ ചെയർമാൻ, ഹാൽഡിയ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ എന്നീ പദവികളും രാജിവെച്ചിരുന്നു. മാത്രമല്ല, തൃണമൂൽ സർക്കാർ ഏർപ്പെടുത്തിയ ബംഗാൾ പോലീസ് സുരക്ഷയും അദ്ദേഹം വേണ്ടെന്നുവെച്ചു.
മമതയുടെ ഏകാധിപത്യ ഭരണത്തിൽ അതൃപ്തിയുള്ളതിനാലാണ് തൃണമൂൽ നേതാക്കളും അണികളും പാർട്ടി വിടുന്നതെന്നും സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ അന്ത്യത്തിന്റെ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
Discussion about this post