തിരുവനന്തപുരം: സുപ്രീം കോടതി വരെ പോയിട്ടും പെരിയ കേസിൽ സംസ്ഥാന സർക്കാരിനേറ്റത് കനത്ത പ്രഹരം. പണ്ട് സെൻകുമാറിനെതിരെ അവസാനം വരെ നിയമ പോരാട്ടം നടത്തിയിട്ടും കിട്ടിയ അടിയേക്കാൾ വലിയ തിരിച്ചടിയാണ് ഇക്കുറി സർക്കാർ സുപ്രീം കോടതിയിൽ നിന്നും ഏറ്റു വാങ്ങിയത്.
ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ വരെ വാങ്ങുന്ന അഭിഭാഷകരെയാണ് സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്ന് ഇറക്കിയത്. എന്നാൽ, മറുവശത്ത് വാദികളായ രണ്ടു ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി.ആസഫ് അലി, ഫീസ് വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ ഹാജരായ മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ വി.ഗിരിയും ഫീസിൽ വൻതുക കുറച്ചു നൽകി.
രാഷ്ട്രീയ താൽപര്യം മാത്രംകൊണ്ട് കേസിൽ സർക്കാർ പണമിറക്കി പരമാവധി കളിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യം, 25 ലക്ഷം നൽകി മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ കൊണ്ടു വന്നു. എന്നാൽ, വാദത്തിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗിനെ കൊണ്ടു വരികയായിരുന്നു. സിംഗ് ഇതുവരെ ഫീസായി വാങ്ങിയത് 63 ലക്ഷം രൂപയാണ്. ബിസിനസ് ക്ലാസ് വിമാനക്കൂലിയും താമസത്തിനുമായി മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ വേറെ നൽകി. സുപ്രീംകോടതിയിൽ മനീന്ദർ സിംഗ് ഹാജരായതിന്റെ ഫീസ് ഇതുവരെ നൽകിയിട്ടില്ല. അത് കൂടിയാകുമ്പോൾ ആകെ ചെലവ് ഒന്നരക്കോടി കടക്കും.
Discussion about this post