ന്യൂഡൽഹി : ഇൻഡി സഖ്യത്തെ നയിക്കാൻ ഏറ്റവും കഴിവുള്ള നേതാവ് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാഹുൽ ഗാന്ധി വേണമെങ്കിൽ പ്രധാനമന്ത്രി ആയിക്കോട്ടെ, പക്ഷേ സഖ്യത്തെ ഏകീകരിക്കാൻ കഴിവുള്ളത് സ്റ്റാലിനാണ്. സ്റ്റാലിൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് അദ്ദേഹം തടസ്സമാകില്ലെന്നും മണിശങ്കർ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ശക്തമായ നേതൃത്വവും തന്ത്രപരമായ ഏകോപനവും അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എഎൻഐക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മണിശങ്കർ അയ്യർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിലെ ഫെഡറലിസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സ്റ്റാലിൻ ഉന്നയിച്ചിട്ടുണ്ട്. സഖ്യത്തെ ഏകീകരിക്കാനും വിജയത്തിലെത്തിക്കാനും സ്റ്റാലിന് കഴിവുണ്ട്. എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ അദ്ദേഹം എതിർക്കും എന്ന് കരുതുന്നുമില്ല. ജവഹർലാൽ നെഹ്‌റുവിന് ശേഷം പ്രധാനമന്ത്രി സ്ഥാനം നിരസിച്ച കാമരാജ് പോലെയാണ് സ്റ്റാലിൻ. പ്രതിപക്ഷ സഖ്യത്തെ ഒന്നിപ്പിക്കാൻ തന്റെ മുഴുവൻ സമയവും ചെലവഴിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്നും മണിശങ്കർ അയ്യർ സൂചിപ്പിച്ചു.








