കോൺഗ്രസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടെ തുറന്നുപറച്ചിൽ. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ശശി തരൂർ, ജയറാം രമേശ്, പവൻ ഖേര തുടങ്ങിയ സഹപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചത്. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് പരാജയപ്പെടുമെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രവചിച്ചു. “കോൺഗ്രസ് നേതാക്കൾ കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തം പാർട്ടിക്കാരെ വെറുക്കുന്നു. ഇത്രയധികം ഭിന്നിച്ചുനിൽക്കുന്ന നേതാക്കൾക്ക് എങ്ങനെ വിജയിക്കാനാകും?” – അയ്യർ ചോദിച്ചു.
തിരുവനന്തപുരം എംപി ശശി തരൂരിന് അടുത്ത വിദേശകാര്യ മന്ത്രിയാകാനാണ് മോഹമെന്നും അദ്ദേഹം ‘പാകിസ്താൻ ൻ വിരുദ്ധ’ നിലപാടുകാരനാണെന്നും അദ്ദേഹം പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് തരൂർ സ്വീകരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐസിസി വക്താവ് പവൻ ഖേരയെ ‘വെറും കളിപ്പാവ’ എന്നാണ് അയ്യർ വിശേഷിപ്പിച്ചത്. “രണ്ട് വർഷമായി എന്നെ വേട്ടയാടുന്ന ഒരാൾ മാത്രമാണ് ഖേര. പവൻ ഖേരയെപ്പോലെയുള്ളവരെയല്ലാതെ വേറെ ആരെയും വക്താവായി കണ്ടെത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെങ്കിൽ പാർട്ടി ഇപ്പോൾ ഇരിക്കുന്ന ഇതേ അവസ്ഥയിൽ തന്നെ തുടരും,” അദ്ദേഹം ആഞ്ഞടിച്ചു.
അയ്യറുടെ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ തന്നെ അകലം പാലിച്ചിട്ടുണ്ട്. മണിശങ്കർ അയ്യർക്ക് വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും പവൻ ഖേര തിരിച്ചടിച്ചു. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പരിപാടിയിൽ കാണാത്തതിൽ താൻ ദുഃഖിക്കുന്നുവെന്നും, രാജീവ് ഗാന്ധിയുടെ പഞ്ചായത്ത് രാജ് സ്വപ്നങ്ങൾ പൂവണിയിച്ചത് കേരളത്തിലെ പിണറായി സർക്കാരാണെന്നും അയ്യർ ആവർത്തിച്ചു. “മുഖ്യമന്ത്രി പിണറായി വിജയന്റെ കാൽക്കൽ വീണ് ഞാൻ അപേക്ഷിക്കുന്നു, കോൺഗ്രസ് വഴിയിൽ ഉപേക്ഷിച്ച ആ ബാസ്റ്റൺ നിങ്ങൾ ഏറ്റെടുക്കണം,” എന്ന അയ്യറുടെ വാക്കുകൾ കെപിസിസി നേതൃത്വത്തെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട്. എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും ജയറാം രമേശ് പ്രതികരിച്ചെങ്കിലും മണിശങ്കർ അയ്യർ ഉയർത്തിയ ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.








