2024 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നടന്ന ഹോളിഡേ റിസപ്ഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“വളരെ മനോഹരമായ 4 വർഷങ്ങളാണ് കടന്നു പോയത്. ഈ നാലു വർഷങ്ങൾക്കു ശേഷം നമ്മൾ വീണ്ടും കാണും”- ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിലെ നിരവധി അംഗങ്ങൾ പങ്കെടുത്തിരുന്നു. പാർട്ടിയുടെ നാഷണൽ കമ്മിറ്റി അംഗമായ പാം പൊള്ളാർഡ് ആണ് ട്രംപിന്റെ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ട്രംപ് ഹോളിഡേ റിസപ്ഷനുകൾ സംഘടിപ്പിക്കാനാരംഭിച്ചത് ഈയാഴ്ച മുതലാണ്. അധികാരമൊഴിയുന്നതിനു മുമ്പുള്ള അവസാനത്തെ ദിനങ്ങൾ ആഘോഷകരമാക്കുകയെന്നതാണ് ഹോളിഡേ റിസപ്ഷന്റെ ലക്ഷ്യം. ജനുവരി 20 -നാണ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുക. ഇതിന്റെ ഭാഗമായി ഇത്തരത്തിൽ പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുമെന്ന് മെലാനിയാ ട്രംപിന്റെ ഔദ്യോഗിക വക്താവായ സ്റ്റെഫാനി ഗ്രിഷാം നേരത്തെ അറിയിച്ചിരുന്നു.
Discussion about this post