ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരി വിമാനത്തിൽ ജോലി ചെയ്തതായി ആരോപണം. ജീവനക്കാരിക്ക് വിമാനം പുറപ്പെടുന്നതിന് 50 മിനിറ്റ് മുമ്പേ കോവിഡ് സ്ഥിരീകരിച്ച വിവരം എയർലൈൻ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് സൂചനകൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
44 വയസുള്ള ക്യാബിൻ ക്രൂ അംഗം നവംബർ 12 -നാണ് ആർടിപിസിആർ ടെസ്റ്റിനു വിധേയയായത്. നവംബർ 13ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും ഷെഡ്യൂൾ ചെയ്ത ഡൽഹി-മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവർ. ഇവർക്ക് കോവിഡ് പോസറ്റീവാണെന്നുള്ള പരിശോധനാഫലം വന്നത് യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പാണ്. റിസൾട്ട് വന്നതിനു ശേഷവും അന്നേ ദിവസം മുഴുവൻ ഇവരെ എയർലൈൻ ജോലി ചെയ്യാൻ അനുവദിച്ചതായാണ് ആരോപണം.
നവംബർ 14 മുതലാണ് ഇവർ ക്വാറന്റൈനിൽ പ്രവേശിച്ചത്. ഈ ജീവനക്കാരിക്കൊപ്പമുണ്ടായിരുന്ന മറ്റു ക്യാബിൻ ക്രൂ അംഗങ്ങൾക്കൊന്നും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം തീർച്ചയായും ഞങ്ങൾ അന്വേഷിക്കുന്നതായിരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്.







