തിരുവനന്തപുരം: സ്പെയ്സ് പാർക്കിൽ നിയമിക്കുമ്പോൾ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു അറിയാമായിരുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
രോഷത്തോടെ സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത് ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ്. സ്വപ്നയേയും ശിവശങ്കറിനെയും സരിത്തിനെയും ചോദ്യം ചെയ്തതു മുഴുവൻ കസ്റ്റംസ് വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തോട് സ്വപ്ന നേരത്തെ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനോട് നിർദേശിച്ചിരുന്നു. ഇത് നിഷേധിക്കാൻ ശിവശങ്കർ ശ്രമിച്ചപ്പോഴാണ് കാര്യങ്ങളെല്ലാം സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയത്.
ശിവശങ്കറിന്റെ ശുപാർശയിന്മേൽ സ്വപ്നയെ നിയമിച്ചിരുന്നത് സ്പെയ്സ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ തസ്തികയിലാണ്. വ്യാജ ബികോം സർട്ടിഫിക്കറ്റാണ് സ്വപ്ന ഇതിനായി ഹാജരാക്കിയത്.












