കൊൽക്കത്ത: ദ്വിദിന സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ.
സൗത്ത് 24 പർഗനസിലെ ഡയമണ്ട് ഹാർബറിൽ വെച്ചാണ് ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. മാത്രമല്ല, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയ് വാർഗിയ സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയുടെ തകർച്ച ചൂണ്ടിക്കാട്ടിയാണ് ഗവർണർ മമതയെ രൂക്ഷമായി വിമർശിച്ചത്.
“രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അധ്യക്ഷന് പോലീസിന്റെ പ്രതിരോധവും സംരക്ഷണവുമുണ്ടെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന അരാജകത്വത്തിന്റേയും അധാർമികതയുടേയും ഭയാനകമായ റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്”-ഗവർണർ കൂട്ടിച്ചേർത്തു.
ഭരണഘടനാ തലവൻ എന്ന നിലയിൽ നിങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയമാണിതെന്നും ആ നാണക്കേട് നിങ്ങളുമായി തന്നെ പങ്കുവെക്കുകയാണെന്നും മമതാ ബാനർജിയോട് ഗവർണർ ജഗ്ദീപ് ധൻഖർ പറഞ്ഞു. പോലീസ് നോക്കി നിൽക്കെയാണ് തങ്ങൾക്കു നേരെ ആക്രമണമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ജെ.പി നദ്ദയും രംഗത്തു വന്നിരുന്നു.
Discussion about this post