തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്ലാസ്മോഡിയം ഓവേല്‍ ജനുസിലുള്ള രോഗാണുവില്‍ നിന്നുള്ള മലേറിയ ബാധയാണിത്. കണ്ണൂരിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു സൈനികനിലാണ് രോഗം കണ്ടെത്തിയത്. സൈനികന് സുഡാനില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. ഒഴിവാക്കാന്‍ സമയബന്ധിതമായ ചികിത്സ നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ ഈ ഈ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് മന്ത്രി അറിയിച്ചു.
സൈനികന് രോഗം കണ്ടെത്തിയ ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചുവെന്ന മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനിയെന്നും മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ അപൂര്‍വമായാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്സ്, ഫാല്‍സിപ്പാരം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post