കൊച്ചി: വളർത്തു നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ശക്തമായി ഇടപെട്ട് ബിജെപി എം പി മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് മനേക ഗാന്ധി വിവരങ്ങൾ തേടി. പ്രതിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കാർ ഡ്രൈവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശേരി സ്വദേശി അഖിലാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു. ഈ നീചകൃത്യം ചോദ്യം ചെയ്ത അഖിലിനെതിരെ പ്രതി തട്ടിക്കയറുകയും ചെയ്തിരുന്നു.
നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും യുസഫ് സമ്മതിച്ചിരുന്നു. എന്നാൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന നിസ്സാര കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയത് ഒത്തുകളിയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതിൽ ശക്തമായ പ്രതിഷേധം മൃഗസ്നേഹികളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.












