പാളയം പുതിയകോവിലകംപറമ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ദീപക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബം രംഗത്ത്. പ്രതിക്ക് മാനസികരോഗമില്ലെന്നും എംഡിഎംഎ ലഹരി കിട്ടാത്തതിനെ തുടർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും ബിജുവിന്റെ സഹോദരി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നിരിക്കെ, മാനസികാസ്വാസ്ഥ്യത്തിന്റെ പേരുപറഞ്ഞ് കേസ് ലഘൂകരിക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതി കാണിച്ച ബുദ്ധി തന്നെ ഇയാൾക്ക് മാനസികപ്രശ്നങ്ങളില്ല എന്നതിന് തെളിവാണെന്ന് സഹോദരി ചൂണ്ടിക്കാട്ടുന്നു. “ബിജു ഏട്ടന്റെ ഫോൺ കട്ടിലിനടിയിൽ ഒളിപ്പിച്ചുവെക്കാനും, താൻ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചുകളയാനും അവന് യാതൊരു മാനസികരോഗവും തടസ്സമായില്ല. ഇതെല്ലാം അവന്റെ അഭിനയമാണ്. എംഡിഎംഎ കിട്ടാത്തതിലുള്ള ഭ്രാന്ത് മാത്രമാണ് ദീപക്കിനുള്ളത്. ഇനിയും വേറെയും ആളുകളെ അവൻ അപായപ്പെടുത്താൻ കരുതിവെച്ചിട്ടുണ്ടെന്നും” ബിന്ദു വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് പശുക്കച്ചവടക്കാരനായ ബിജുവിനെ (38) പാളയത്തെ ഒറ്റമുറി വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മാതാവ് കണ്ടെത്തിയത്. ബിജുവിന്റെ ശരീരത്തിൽ 45-ഓളം വെട്ടുകളും കുത്തുകളുമേറ്റ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും ബിജുവിന്റെ കാണാതായ ഫോണും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ദീപക് (22) പിടിയിലാകുന്നത്.
മുൻപ് ദീപക്കിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്യുകയും ഇയാളെ ഡി-അഡിക്ഷൻ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്കായി എത്തിക്കാൻ ബിജു മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യവും ലഹരി കിട്ടാതിരുന്നപ്പോൾ ഉണ്ടായ അക്രമവാസനയുമാണ് ബിജുവിന്റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ പ്രതി പൂർണ ബോധത്തോടെയാണ് കൃത്യം ചെയ്തതെന്നും ഇയാൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.











