സിറിയയിൽ പോയി നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (IS) ചേരുകയും സ്വന്തം കുട്ടികളിൽ വർഗീയ വിഷം കുത്തിവെക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഓസ്‌ട്രേലിയൻ വനിത റയാൻ എൽ ഹൂലി (34) ജയിൽ മോചിതയായി. മെൽബണിലെ ഡാം ഫിലിസ് ഫ്രോസ്റ്റ് സെന്ററിൽ കഴിഞ്ഞിരുന്ന നാല് കുട്ടികളുടെ അമ്മയായ റയാന് കർശന ഉപാധികളോടെ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മേയ് മാസം മുതൽ ഇവർ തടങ്കലിൽ കഴിഞ്ഞുവരികയായിരുന്നു.
കേസിന്റെ പഴക്കവും കുറ്റാരോപിതയുടെ ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്ന് മജിസ്‌ട്രേറ്റ് ബ്രെറ്റ് സോനെറ്റ് വ്യക്തമാക്കി. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD), മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗസാധ്യത എന്നിവ റയാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ നാല് കുട്ടികളുടെ പ്രാഥമിക സംരക്ഷക എന്ന നിലയിലും, മുൻകാലങ്ങളിൽ ഇവർക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ല എന്നതും കോടതി കണക്കിലെടുത്തു. കഴിഞ്ഞ എട്ട് മാസമായി സമൂഹത്തിൽ ജീവിച്ചപ്പോൾ ഇവർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കേസിന്റെ വിചാരണ പൂർത്തിയാകാൻ ദീർഘകാലമെടുക്കുമെന്നും മജിസ്ട്രേറ്റ് വിലയിരുത്തി.
അതേസമയം, കടുത്ത വ്യവസ്ഥകളോടെയാണ് ഇവരെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകണം, യാത്രാരേഖകൾ മുഴുവൻ സർക്കാരിന് മുന്നിൽ ഹാജരാക്കണം, തീവ്രവാദ ആശയങ്ങളിൽ നിന്ന് മുക്തയാകാനുള്ള ‘ഡി-റാഡിക്കലൈസേഷൻ’ പ്രോഗ്രാമിൽ നിർബന്ധമായും പങ്കെടുക്കണം തുടങ്ങി ഡസനോളം കടുത്ത നിബന്ധനകളാണ് കോടതി ഉത്തരവിലുള്ളത്. ഐസിസ് അധീനതയിലുണ്ടായിരുന്ന സിറിയൻ മേഖലകളിലേക്ക് യാത്ര ചെയ്യുകയും ഭീകരസംഘടനയിൽ സജീവമാകുകയും ചെയ്തെന്ന കണ്ടെത്തലിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.












