ഇസ്ലാമാബാദ്: മതാധിപത്യം നിലനിൽക്കുന്ന പാകിസ്ഥാനിൽ 1990മുതൽ 2020 വരെയുള്ള കാലയളവിൽ 138 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയായ ലോകത്തിലെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാനെന്നും അന്താരാഷ്ട്ര മാധ്യമ പ്രവർത്തക ഫെഡറേഷൻ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ലോകത്തിൽ 2658 മാധ്യമ പ്രവർത്തകർക്ക് ജോലിക്കിടെ ജീവൻ നഷ്ടമായി. മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയായ രാജ്യങ്ങളുടെ പട്ടികയിൽ ഇറാഖാണ് ഒന്നാമത്. തൊട്ട് പിന്നിൽ മെക്സികോയാണ്. ഫിലിപ്പീൻസാണ് പാകിസ്ഥാന് മുന്നിലുള്ള മറ്റൊരു രാജ്യം.
കഴിഞ്ഞ മുപ്പത് വർഷ കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൊല ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകരിൽ 40 ശതമാനവും പാകിസ്ഥാനികളാണ്. പലപ്പോഴും ഇത്തരം സംഭവങ്ങൾ മൂടിവെക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020ലെ ആഗോള പത്ര സ്വാതന്ത്ര്യ സൂചിക പ്രകാരം പാകിസ്ഥാൻ 145ആം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തേക്കാൾ മോശമാണ് ഇത്തവണത്തെ പാകിസ്ഥാന്റെ സ്ഥിതിയെന്നും റിപ്പോർട്ടിൽ പറയുന്നു.












