ന്യൂഡൽഹി: ഇറാനിലെ ചബ്ബാർ തുറമുഖത്തിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ഇന്ത്യ, ഉസ്ബക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത യോഗം നാളെ നടക്കും. വീഡിയോ കോൺഫറൻസ് വഴി വിർച്വലായാണ് യോഗം നടക്കുക.
മൂന്നു രാജ്യങ്ങളുടേയും ഡെപ്യൂട്ടി മന്ത്രാലയ തലത്തിലുള്ള യോഗമാണ് നാളെ നടക്കുക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ശൗക്കത്ത് മിർസിയോയേവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിറകെയാണ് ഈ ഉന്നതതല യോഗത്തിനുള്ള തീരുമാനം. ഉസ്ബക്കിസ്ഥാൻ ആണ് യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
“ചബ്ബാർ തുറമുഖം ഒരു ഇടത്താവളമായി ഉപയോഗിക്കാനുള്ള ഉസ്ബക്കിസ്ഥാന് താല്പര്യം ഈ മേഖലയിലെ സാമ്പത്തിക അവസരങ്ങളെയും വ്യവസായികളെയും പരിപോഷിപ്പിക്കും” എന്ന് ഉസ്ബക്കിസ്ഥാന്റെ യോഗത്തിനുള്ള ക്ഷണം സ്വീകരിക്കവേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ വാണിജ്യ താൽപ്പര്യങ്ങൾ പിടിമുറുക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചബ്ബാർ പോർട്ട് വികസനവും പങ്കാളിത്തവും.
2016-ലാണ് ചബ്ബാറിലെ ഷഹീദ് ബെഹെസ്തി തുറമുഖം ഇന്ത്യ-ഇറാൻ-അഫ്ഗാൻ സഹകരണ കരാറിന്റെ ഫലമായി നിർമ്മിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് മനുഷ്യാവകാശ സംഘടനകളുടെ ചരക്കു നീക്കങ്ങൾ നടക്കുന്നതിനാലും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനാലും ഈ പദ്ധതിയെ ഇറാനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ നിന്ന് യു.എസ് ഭരണകൂടം ഒഴിവാക്കിയിട്ടുമുണ്ട്.
Discussion about this post