അഗർത്തല: കർഷകർ കമ്മ്യൂണിസ്റ്റുകാരുടെ ചതിയിൽ വീണ്, ഡൽഹിയിലേക്ക് സമരത്തിന് പോകരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മാവോയിസ്റ്റുകൾ സമരത്തിൽ നുഴഞ്ഞുകയറി കഴിഞ്ഞുവെന്നും തന്റെ സംസ്ഥാനത്ത് ചെയ്തതുപോലെ കർഷകരെ പാർട്ടി പ്രവർത്തകരാക്കി മാറ്റുമെന്നും ബിപ്ലബ് പറഞ്ഞു.
ഇടത് തീവ്രവാദ സംഘടനകൾ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന കേന്ദ്ര മന്ത്രിമാരുടെ ആരോപണത്തിന്റെ ചുവടുപിടിച്ചായിരുന്നു ബിപ്ലബിന്റെ പ്രതികരണം. “2018-ൽ ത്രിപുരയിലെ കർഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വതന്ത്രരാക്കി. ഇപ്പോൾ ഇവിടുത്തെ കർഷകർ വരുമാനം ഇരട്ടിയാക്കി സ്വയംപര്യാപ്തരായി മുന്നോട്ടു പോവുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരുടെ യഥാർത്ഥ മുഖമറിയാൻ ത്രിപുരയിലെ കർഷകരോട് സംസാരിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ ക്ഷണിക്കുകയാണെന്നും ബിപ്ലബ് വ്യക്തമാക്കി. കർഷക സമരത്തിൽ ഇടതു തീവ്രവാദ ഗ്രൂപ്പുകളും ദേശവിരുദ്ധ ശക്തികളും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പ്രതികരണം.
Discussion about this post