ടെഹ്റാൻ : ഇറാനിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻതന്നെ രാജ്യം വിടാൻ ആവശ്യപ്പെട്ട് യുഎസ്. ടെഹ്‌റാനിലെ യുഎസ് വെർച്വൽ എംബസിയാണ് പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാനിൽ പ്രതിഷേധങ്ങൾ വർദ്ധിക്കുകയും അപകടസാധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ എത്രയും പെട്ടെന്ന് ഇറാൻ വിട്ടു പോകണം എന്നാണ് യുഎസ് എംബസി വ്യക്തമാക്കിയിരിക്കുന്നത്.
ഇറാനിലെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും സുരക്ഷിതമായി പുറത്തുകടക്കാൻ കഴിയുന്നവർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം യാത്ര ചെയ്യുന്നത് പരിഗണിക്കണമെന്നും ഇറാനിലെ യുഎസ് വെർച്വൽ എംബസി അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിന്റെ സഹായത്തെ ആശ്രയിക്കാതെ ഇറാനിൽ നിന്ന് പുറത്തു കടക്കാൻ സ്വന്തമായി പദ്ധതികൾ തയ്യാറാക്കണമെന്നും ഭരണകൂടം പൗരന്മാരോട് അറിയിച്ചു.
തുടർച്ചയായ ഇന്റർനെറ്റ് തടസ്സങ്ങൾ പ്രതീക്ഷിക്കണം, ബദൽ ആശയവിനിമയ മാർഗങ്ങൾ ആസൂത്രണം ചെയ്യണം, സുരക്ഷിതമാണെങ്കിൽ, കരമാർഗം അയൽ രാജ്യങ്ങളിലേക്ക് കടക്കണം എന്നും അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് നിന്നും പുറത്തു കടക്കാൻ കഴിയാത്തവർ വീടിനുള്ളിലോ മറ്റ് സുരക്ഷിതമായ കെട്ടിടത്തിലോ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരുക. ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും യുഎസ് എംബസി നൽകിയിട്ടുണ്ട്.









Discussion about this post