കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾക്കിടയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ബിഎൽഒയുടെ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭഗവാൻഗോള ബ്ലോക്ക് രണ്ടിന് കീഴിലുള്ള അലൈപൂർ ഗ്രാമത്തിലെ താമസക്കാരനായ ഹമീമുൾ ഇസ്ലാം (47) ആണ് മരിച്ച ബിഎൽഒ. എസ്ഐആറുമായി ബന്ധപ്പെട്ട സമ്മർദ്ദം കൊണ്ടാണ് ബിഎൽഒ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ കൊൽക്കത്തയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് പുറത്ത് പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. റാണിതാല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ബുള്ളറ്റ് ഖാൻ എന്ന തൃണമൂൽ നേതാവാണ് അറസ്റ്റിലായിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത കൊണ്ടാണ് ബിഎൽഒ ആത്മഹത്യ ചെയ്തത് എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 20 ലക്ഷം രൂപയുടെ കടം തിരിച്ചടയ്ക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചത്. മരിച്ച വ്യക്തിയിൽ നിന്നും തൃണമൂൽ കോൺഗ്രസ് നേതാവ് 20 ലക്ഷം രൂപ കടം വാങ്ങുകയും തിരികെ ആവശ്യപ്പെട്ടപ്പോൾ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജനുവരി 10 ന് ശനിയാഴ്ച രാത്രി ഒരു സ്കൂളിനുള്ളിൽ ആണ് ഹമീമുൾ ഇസ്ലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇസ്ലാമിൽ നിന്ന് ഖാൻ 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നെങ്കിലും അത് തിരികെ നൽകാൻ വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. തിരിച്ചടവ് ആവശ്യപ്പെട്ടപ്പോൾ ഖാൻ ഇസ്ലാമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. വർദ്ധിച്ചുവരുന്ന സമ്മർദ്ദവും ഭയവുമാണ് ബിഎൽഒയെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.









Discussion about this post