അബുജ: നൈജീരിയയിൽ ഇന്ത്യക്കാരെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ടുകൾ. ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയത് ഫാർമസി ജീവനക്കാരായ രണ്ടുപേരെയാണ്.
സംഭവത്തിൽ നൈജീരിയൻ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഭീകരരാണെന്നാണ് നിഗമനം. ഫാർമസിയിൽ എത്തിയ ആയുധധാരികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ഫാർമസി ജീവനക്കാരെയും വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ കുടുംബമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്.
പോലീസ് പ്രാദേശിക അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നൈജീരിയയിലെ സ്കൂളിൽ നിന്നും നാനൂറോളം കുട്ടികളെ ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയ സംഭവം പുറത്തുവരുന്നത്.








