തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത.എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഭരണകക്ഷി നേതാക്കൾ സമ്മർദം ചെലുത്തിയതിനെ തുടർന്ന് നെയ്യാറ്റിൻകര പോലീസിന് നിർദേശം നൽകിയത്.
അതിനാൽ, പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നതിനാലാണ് ഭരണകക്ഷി നേതാക്കൾ സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകിയതെന്നാണ് സൂചനകൾ. സിപിഐ നേതാവ് ടി. രതീഷും ഷാജു പാലിയോടുമാണ് മറ്റു പ്രതികൾ. കെടിഡിസിയിലും ബീവറേജസ് കോർപ്പറേഷനിലും ജോലി ലഭിക്കുന്നതിന് 16 ലക്ഷം രൂപ നൽകിയ 2 പേരാണ് പരാതി നൽകിയത്.
സംഘം ഇരുപതിലേറെപ്പേരെ കബളിപ്പിച്ചതായാണ് പോലീസിന്റെ വിലയിരുത്തൽ. തട്ടിപ്പുസംഘത്തിന് ബവ്കോയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.











