മിഡ്‌നാപൂർ: പശ്ചിമ ബംഗാളിൽ ബിജെപി തരംഗമുയർത്താൻ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് അമിത് ഷാ കൊൽക്കത്തയിൽ എത്തിയത്.
റാലിക്ക് മുൻപ്, പ്രധാന സ്ഥലങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ അമിത് ഷാ വിലയിരുത്തും. തൃണമൂൽ കോൺഗ്രസിനോട് ഇടഞ്ഞു പാർട്ടിവിട്ട പ്രബലനായ നേതാവ് സുവേന്ദു അധികാരിയും മറ്റു വിമത തൃണമൂൽ കോൺഗ്രസ് നേതാക്കളും ഇന്ന് അമിത് ഷായെ കണ്ടേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. നേതാക്കളും മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള അഭിപ്രായ ഭിന്നത ശക്തമായതോടെ പശ്ചിമബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ്.
ക്യാബിനറ്റ് പദവികൾ അടക്കം കൈകാര്യം ചെയ്തിരുന്ന സുവേന്ദു അധികാരിയും, സിൽഭദ്ര ദത്ത, ജിതേന്ദ്ര തിവാരി എന്നിവരടക്കമുള്ള മറ്റു വിമത തൃണമൂൽ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നാൽ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആടിയുലയുമെന്നുറപ്പാണ്.










