കാസര്‍ഗോഡ് : കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ബാങ്ക് കവര്‍ച്ച കേസില്‍ നിര്‍ണായക മൊഴി. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ കണ്ടാല്‍ അറിയാമെന്നു ദൃക്സാക്ഷികളില്‍ ഒരാള്‍ മൊഴി നല്കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കുകയാണ്. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിക്കുന്നത്. ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടു നേരത്തേ അറസ്റ്റിലായവരുടെ മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
പട്ടാപ്പകല്‍ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണു കവര്‍ന്നത്. ഉച്ചയ്ക്കു രണ്ടിനു സെക്രട്ടറി ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്താണു കവര്‍ച്ച നടന്നത്. അതുകൊണ്ടുതന്നെ മോഷ്ടാക്കള്‍ക്കു പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ബാങ്കിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട ഉച്ചയ്ക്കു 12 മുതല്‍ വൈകുന്നേരം നാലു വരെ അടച്ചിടുമെന്നു മനസിലാക്കിയവരാണു മോഷ്ടാക്കളെന്നും ഇവര്‍ക്കു ബാങ്കുമായി നല്ല ബന്ധമുണ്ടായിരിക്കണമെന്നും പോലീസ് കരുതുന്നു. രണ്ടു ബൈക്കിലായി എത്തിയ അഞ്ചംഗ സംഘമാണു കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കുശേഷം ഇതില്‍ ഒരാള്‍ ബ്ലാര്‍ക്കോട് വഴി ഓടിരക്ഷപ്പെട്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്്. പ്രതികള്‍ കര്‍ണാടകയിലേക്കു കടന്നിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. അന്വേഷണത്തില്‍ കര്‍ണാടക പോലീസിന്റെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.
പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ മോഷണസംഘങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നുണ്ട്.
Discussion about this post