ലണ്ടന്‍ : പുതിയൊരു റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി എലിസബത്ത് രാജ്ഞി . ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവുമധികം കാലം രാജ്യം ഭരിച്ച റിക്കാര്‍ഡാണ് രാജ്ഞിയ്ക്ക് സ്വന്തമായത്. 63 വര്‍ഷം, ഏഴുമാസം, രണ്ടുദിവസം, 16 മണിക്കൂര്‍, 23 മിനിറ്റും പിന്നിട്ടാണ് എലിസബത്ത് രാജ്ഞി പുതിയൊരു റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കിയത്. മുത്തശിയായ വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള റിക്കാര്‍ഡാണ് 89 വയസുകാരിയായ എലിസബത്ത് രാജ്ഞി മറികടന്നത്. 25-ാം വയസിലാണ് അവര്‍ ബ്രിട്ടന്റെ പരമോന്നത പദവിയിലെത്തുന്നത്.
അപ്രതീക്ഷിതമായാണ് എലിസബത്ത് കിരീടാവകാശിയാകുന്നത്. പിതാവ് ജോര്‍ജ് ആറാമനുശേഷം മൂത്ത സഹോദരന് എഡ്വേര്‍ഡ് എട്ടാമനായിരുന്നു പദവി വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അമേരിക്കക്കാരിയായ വാലിസ് സിംപ്സണിനെ വിവാഹം കഴിക്കാന്‍ അദ്ദേഹം സ്ഥാനത്യാഗം നടത്തുകയായിരുന്നു. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് 40-ാമത് കിരീടവകാശിയായി ചുമതലയേല്‍ക്കുന്നത്. ഇതിനുശേഷം വിന്‍സന്റ് ചര്‍ച്ചില്‍ മുതല്‍ ഡേവിഡ് കാമറോണ്‍ വരെ 12 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും ഹാരി എസ്. ട്രൂമാന് മുതല്‍ ബാറക് ഒബാമ വരെയുള്ള 12 അമേരിക്കന്‍ പ്രസിഡന്റുമാരും മാറിമാറി വന്നു.
ലോകം യുദ്ധ ഭീഷണിയിലായ പല സന്ദര്‍ഭങ്ങളിലും ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ രാജ്ഞിക്കായി. അടുത്തിടെ സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ബ്രിട്ടനെ നയിച്ച ഏറ്റവും മികച്ച ഭരണാധികാരിയായി എലിസബത്ത് രാജ്ഞിയെ തെരഞ്ഞെടുത്തിരുന്നു. ഈ മഹത്തായ നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് ജനത.
Discussion about this post