ഭോപ്പാൽ: ബിജെപിയിൽ ചേർന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത് മധ്യപ്രദേശ് യൂത്ത് കോൺഗ്രസ്. വെള്ളിയാഴ്ചയാണ് ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ് പാർട്ടി വിട്ട ഹർഷിത് സിംഗായിയെ ജനറൽ സെക്രട്ടറിയായി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുത്തത്.
12 വോട്ടുകൾക്കായിരുന്നു ഹർഷിത് സിംഗായിയുടെ വിജയം. താൻ മാർച്ച് 10 ന് കോൺഗ്രസ് പാർട്ടി വിട്ടതാണെന്നും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ആർക്കും താല്പര്യം ഇല്ലാതിരുന്നതിനാലാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം സംഭവത്തിൽ പ്രതികരിച്ചു.
“യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ നാമനിർദേശപത്രിക സമർപ്പിച്ചു. എന്നാൽ, തുടർപ്രക്രിയകൾ വർഷങ്ങളോളം നീണ്ടു പോയി. 2018-ൽ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. ബിജെപിയിൽ ചേർന്നപ്പോൾ എന്റെ പേര് പോളിങ്ങിൽ നിന്നും നീക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നുവെന്നും ഹർഷിത് സിംഗായി വ്യക്തമാക്കി.











