ഗുവാഹത്തി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ട് രണ്ട് എം എൽ എമാർ ബിജെപിയിൽ ചേർന്നു. അസമിലെ മുൻ മന്ത്രിയും ഗോലാഘട്ട് എം എൽ എയുമായ അജന്ത നിയോഗും രാജ്ദീപ് ഗൊവാലയുമാണ് ബിജെപിയിൽ ചേർന്നത്.
അസമിൽ സന്ദർശനം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അജന്ത നിയോഗ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്നും ഹൈക്കമാൻഡിന്റെ പാദസേവകരാണ് പാർട്ടി സംസ്ഥാന നേതാക്കളെന്നും അവർ പറഞ്ഞു. പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മ് ഒരു പൊതു പ്രവർത്തകയ്ക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടപ്പോൾ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ഉടൻ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും രണ്ട് എം എൽ എമാരും അറിയിച്ചു. അജന്ത നിയോഗ് നേരത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും എൻഡിഎ കണ്വീനർ ഹിമന്ത ബിശ്വ ശർമ്മയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന അസം സന്ദർശനം തുടരുകയാണ്. അദ്ദേഹം ഗുവാഹത്തിയിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിൽ പാർട്ടി നേതാക്കളോടൊപ്പം ദർശനം നടത്തി.
Discussion about this post