പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
സംഭവത്തിൽ ലോക്കൽ പൊലീസിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. തുടർന്നാണ് പാലക്കാട് എസ്പി അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് പോലീസ് ഇന്നലെ തെളിവെടുപ്പ് പൂർത്തിയാക്കി. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അന്വേഷണ സംഘം റിമാൻഡിലായ ഇവരെ ചോദ്യം ചെയ്യാനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഡിസംബർ 25 -ന് വൈകീട്ട് 6.30 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. ബൈക്കിൽ കടയിൽ പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. അനീഷിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്.












